യോഹന്നാൻ 13:1-20

യോഹന്നാൻ 13:1-20 MALOVBSI

പെസഹാപെരുന്നാളിനു മുമ്പേ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു; പിതാവു സകലവും തന്റെ കൈയിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ അത്താഴത്തിൽനിന്ന് എഴുന്നേറ്റു വസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്ത് അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ചെയ്യുന്നത് നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു. നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്ന് പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻപത്രൊസ്: കർത്താവേ, എന്റെ കാൽ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു. യേശു അവനോട്: കുളിച്ചിരിക്കുന്നവനു കാൽ അല്ലാതെ കഴുകുവാൻ ആവശ്യമില്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ച് വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്കു ചെയ്തത് ഇന്നത് എന്ന് അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. നിങ്ങളെ എല്ലാവരെയുംകുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിനു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോൾ ഞാൻ തന്നെ മശീഹാ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനു ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പേ നിങ്ങളോടു പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.