യോഹന്നാൻ 12:37-50

യോഹന്നാൻ 12:37-50 MALOVBSI

ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവ് വേറേ ഒരേടത്തു പറയുന്നത്: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” യെശയ്യാവ് അവന്റെ തേജസ്സു കണ്ട് അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞത്. എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു. യേശു വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽതന്നെ വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്. എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനംതന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവുതന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്റെ കല്പന നിത്യജീവൻ എന്ന് ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംസാരിക്കുന്നു.