യോഹന്നാൻ 12:1-8

യോഹന്നാൻ 12:1-8 MALOVBSI

യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്ക് യേശു പെസഹയ്ക്ക് ആറു ദിവസം മുമ്പേ വന്നു. അവിടെ അവർ അവന് ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസറോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു. എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവ്; ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു. ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്. യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.