യോഹന്നാൻ 10:22-42

യോഹന്നാൻ 10:22-42 MALOVBSI

അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. യേശു ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു. യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്ന് അവനോട് പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കൈയിൽനിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കൈയിൽനിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. ഞാനും പിതാവും ഒന്നാകുന്നു. യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ല് എടുത്തു. യേശു അവരോട്: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു. യെഹൂദന്മാർ അവനോട്: നല്ല പ്രവൃത്തി നിമിത്തമല്ല; ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട്: നിങ്ങൾ ദേവന്മാർ ആകുന്നു എന്ന് ഞാൻ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ -തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ- ഞാൻ ദൈവത്തിന്റെ പുത്രൻ എന്ന് പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ച് അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ. അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോയി. അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്ന് അവിടെ പാർത്തു. പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതൊക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു.