യോഹന്നാൻ 10:1-18

യോഹന്നാൻ 10:1-18 MALOVBSI

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ, വേറേ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെയൊക്കെയും പുറത്തു കൊണ്ടുപോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ട് ഓടിപ്പോകും. ഈ സാദൃശ്യം യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞത് ഇന്നത് എന്ന് അവർ ഗ്രഹിച്ചില്ല. യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുമ്പേ വന്നവരൊക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും, മേച്ചൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറേ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും. എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോട് എടുത്തുകളയുന്നില്ല; ഞാൻതന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ട്; ഈ കല്പന എന്റെ പിതാവിങ്കൽനിന്ന് എനിക്കു ലഭിച്ചിരിക്കുന്നു.