ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ, വേറേ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെയൊക്കെയും പുറത്തു കൊണ്ടുപോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ട് ഓടിപ്പോകും. ഈ സാദൃശ്യം യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞത് ഇന്നത് എന്ന് അവർ ഗ്രഹിച്ചില്ല. യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുമ്പേ വന്നവരൊക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും, മേച്ചൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
യോഹന്നാൻ 10 വായിക്കുക
കേൾക്കുക യോഹന്നാൻ 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 10:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ