യോഹന്നാൻ 10:1-10

യോഹന്നാൻ 10:1-10 MALOVBSI

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ, വേറേ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെയൊക്കെയും പുറത്തു കൊണ്ടുപോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ട് ഓടിപ്പോകും. ഈ സാദൃശ്യം യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞത് ഇന്നത് എന്ന് അവർ ഗ്രഹിച്ചില്ല. യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുമ്പേ വന്നവരൊക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും, മേച്ചൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.