യോഹന്നാൻ 1:24-51

യോഹന്നാൻ 1:24-51 MALOVBSI

അയയ്ക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു. എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത് എന്ന് അവർ ചോദിച്ചു. അതിനു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്; എന്റെ പിന്നാലെ വരുന്നവൻതന്നെ; അവന്റെ ചെരിപ്പിന്റെ വാറ് അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്ന് ഉത്തരം പറഞ്ഞു. ഇതു യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു. പിറ്റന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് അവൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻതന്നെ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിനു വെളിപ്പെടേണ്ടതിനു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അത് അവന്റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻതന്നെ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു. പിറ്റന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടു പേരുമായി അവിടെ നില്ക്കുമ്പോൾ കടന്നുപോകുന്ന യേശുവിനെ നോക്കിയിട്ട്: ഇതാ, ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞു. അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ട് യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞ് അവർ പിന്നാലെ വരുന്നതു കണ്ട് അവരോട്: നിങ്ങൾ എന്ത് അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു. അവൻ അവരോട്: വന്നു കാൺമിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ട് അന്ന് അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താംമണി നേരം ആയിരുന്നു. യോഹന്നാൻ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച രണ്ടു പേരിൽ ഒരുത്തൻ ശിമോൻപത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ട് അവനോട്: ഞങ്ങൾ മശീഹായെ എന്നുവച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു. പിറ്റന്നാൾ യേശു ഗലീലയ്ക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ടു; എന്നെ അനുഗമിക്ക എന്ന് അവനോടു പറഞ്ഞു. ഫിലിപ്പോസോ, അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു. ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അവനോട്: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻതന്നെ എന്നു പറഞ്ഞു. നഥനയേൽ അവനോട്: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട് വന്നു കാൺക എന്നു പറഞ്ഞു. നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്ന് അവനെക്കുറിച്ചു പറഞ്ഞു. നഥനയേൽ അവനോട്: എന്നെ എവിടെവച്ച് അറിയും എന്നു ചോദിച്ചതിന്: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പേ, നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്ന് യേശു ഉത്തരം പറഞ്ഞു. നഥനയേൽ അവനോട്: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവ് എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്ന് ഉത്തരം പറഞ്ഞു. ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.