യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്റെ അടുക്കലേക്കു മടങ്ങിവന്നുകൊൾക എന്നു യഹോവയുടെ അരുളപ്പാട്; നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല. യഹോവയാണ എന്നു നീ പരമാർഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികൾ അവനിൽ തങ്ങളെത്തന്നെ അനുഗ്രഹിച്ച് അവനിൽ പുകഴുകയും ചെയ്യും. യെഹൂദാപുരുഷന്മാരോടും, യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ തരിശ്ശുനിലം ഉഴുവിൻ. യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ച് ആർക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിനു നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളവിൻ. യെഹൂദായിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാൻ പറവിൻ; കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്ന് ഉറക്കെ വിളിച്ചുപറവിൻ. സീയോനു കൊടി ഉയർത്തുവിൻ; നില്ക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്ന് അനർഥവും വലിയ നാശവും വരുത്തും. സിംഹം പള്ളക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാതവണ്ണം നശിപ്പിക്കും. ഇതു നിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ. അന്നാളിൽ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാട്. അതിനു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കെ നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു. ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാൽ: മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്ന് ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല, കൊഴിപ്പാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരേ ഊതും. ഇതിലും കൊടുതായൊരു കാറ്റ് എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾതന്നെ അവരോടു ന്യായവാദം കഴിക്കും. ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ. യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിനു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും. ദാനിൽനിന്ന് ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്ന് അനർഥത്തെ പ്രസിദ്ധമാക്കുന്നു. ജാതികളോടു പ്രസ്താവിപ്പിൻ; ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങൾക്കു നേരേ ആർപ്പുവിളിക്കുന്നു എന്നു യെരൂശലേമിനോട് അറിയിപ്പിൻ. അവൾ എന്നോടു മത്സരിച്ചിരിക്കകൊണ്ട് അവർ വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരേ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നത്; ഇത്ര കയ്പായിരിപ്പാനും നിന്റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നെ.
യിരെമ്യാവ് 4 വായിക്കുക
കേൾക്കുക യിരെമ്യാവ് 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യിരെമ്യാവ് 4:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ