ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്ത് വിതയ്ക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. അന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെമേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെമേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാട്. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ച് എന്ന് അവർ അന്നാളിൽ ഇനി പറകയില്ല. ഓരോരുത്തൻ താന്താന്റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ച മുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളൂ. ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കുപിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്ന് ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാട്. സൂര്യനെ പകൽ വെളിച്ചത്തിനും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വ്യവസ്ഥ എന്റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധനചെയ്വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെയൊക്കെയും അവർ ചെയ്ത സകലവും നിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാട്. ഈ നഗരം ഹനനേൽഗോപുരംമുതൽ കോൺവാതിൽവരെ യഹോവയ്ക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. അളവുചരടു പിന്നെയും നേരേ ഗാരേബ്കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും. ശവങ്ങൾക്കും വെണ്ണീറിനും ഉള്ള താഴ്വര മുഴുവനും കിദ്രോൻതോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവയ്ക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളകയുമില്ല.
യിരെമ്യാവ് 31 വായിക്കുക
കേൾക്കുക യിരെമ്യാവ് 31
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യിരെമ്യാവ് 31:27-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ