യിരെമ്യാവ് 2:1-13
യിരെമ്യാവ് 2:1-13 MALOVBSI
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തു തന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാൻ ഓർക്കുന്നു. യിസ്രായേൽ യഹോവയ്ക്ക് വിശുദ്ധവും അവന്റെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായിത്തീരും; അവർക്കു ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാട്. യാക്കോബുഗൃഹവും യിസ്രായേൽഗൃഹത്തിലെ സകല വംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊൾവിൻ. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിഥ്യാമൂർത്തികളോടു ചേർന്നു വ്യർഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു? ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരൾച്ചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആൾപ്പാർപ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയിൽകൂടി ഞങ്ങളെ നടത്തിക്കൊണ്ടുവന്ന യഹോവ എവിടെ എന്ന് അവർ ചോദിച്ചില്ല. ഞാൻ നിങ്ങളെ ഫലവത്തായൊരു ദേശത്ത് അതിന്റെ ഫലവും ഗുണവും അനുഭവിപ്പാൻ കൂട്ടിക്കൊണ്ടു വന്നു; എന്നാൽ അവിടെ എത്തിയശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു. യഹോവ എവിടെ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല. ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു; പ്രവാചകന്മാർ ബാൽ മുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേർന്നു നടന്നു. അതുകൊണ്ടു ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്ക് ആളയച്ചു നല്ലവണ്ണം അന്വേഷിച്ച്, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ. ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്ത്വമായവനെ പ്രയോജനമില്ലാത്തതിനു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു. ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ച് ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാട്. എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.

