യെശയ്യാവ് 58:6-12

യെശയ്യാവ് 58:6-12 MALOVBSI

അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകർക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്റെ പിമ്പട ആയിരിക്കും. അപ്പോൾ നീ വിളിക്കും: യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്ന് അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളകയും വിശപ്പുള്ളവനോടു നീ താൽപര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലായ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും കുടിയിരിപ്പാൻതക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും.