യെശയ്യാവ് 58:3-7

യെശയ്യാവ് 58:3-7 MALOVBSI

ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്? ഇതാ, നിങ്ങൾ നോമ്പു നോല്ക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ടു അധ്വാനിപ്പിക്കയും ചെയ്യുന്നു. നിങ്ങൾ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്‍ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നത്. എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നത്? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകർക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ?