യെശയ്യാവ് 50:4-11

യെശയ്യാവ് 50:4-11 MALOVBSI

തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിനു യഹോവയായ കർത്താവ് എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. അടിക്കുന്നവർക്ക്, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്ക് എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നു പോകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകയില്ല എന്നു ഞാൻ അറിയുന്നു. എന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ട്; എന്നോടു വാദിക്കുന്നവൻ ആർ? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആർ? അവൻ ഇങ്ങുവരട്ടെ. ഇതാ, യഹോവയായ കർത്താവ് എന്നെ തുണയ്ക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും. നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ. ഹാ, തീ കത്തിച്ചു തീയമ്പുകൾ അരയ്ക്കു കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിൻ; എന്റെ കൈയാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.