യെശയ്യാവ് 40:1-11

യെശയ്യാവ് 40:1-11 MALOVBSI

എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകല പാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറവിൻ. കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നത്: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്‌വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകല ജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നത്. കേട്ടോ, വിളിച്ചുപറക എന്ന് ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടൂ എന്നു ഞാൻ ചോദിച്ചു; സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലു തന്നെ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും. സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാ നഗരങ്ങളോട്: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക. ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട്. ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.