യെശയ്യാവ് 26:1-11

യെശയ്യാവ് 26:1-11 MALOVBSI

അന്നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടു പാടും: നമുക്കു ബലമുള്ളൊരു പട്ടണം ഉണ്ട്; അവൻ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവയ്ക്കുന്നു. വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറപ്പിൻ. സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു. യഹോവയാം യാഹിൽ ശാശ്വതമായൊരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ. അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെ തന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ. നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു. അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിനായിട്ടും നിന്റെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നെ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും. ദുഷ്ടനു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്ത്വം അവൻ കാണുകയുമില്ല. യഹോവേ, നിന്റെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.