എബ്രായർ 11:7-16

എബ്രായർ 11:7-16 MALOVBSI

വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായിട്ട് ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ച് വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീർന്നു. വിശ്വാസത്താൽ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു. വിശ്വാസത്താൽ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്ന് എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു. അതുകൊണ്ട് ഒരുവന്, മൃതപ്രായനായവനുതന്നെ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്ന് കാണിക്കുന്നു. അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ. അവരോ അധികം നല്ലതിനെ, സ്വർഗീയമായതിനെത്തന്നെ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്ന് വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.