എബ്രായർ 11:23-40

എബ്രായർ 11:23-40 MALOVBSI

വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്ന് അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവച്ചു. വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുന്നത് നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു. വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു. വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു. വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽകൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‍വാൻ നോക്കിയിട്ടു മുങ്ങിപ്പോയി. വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു. വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ട് അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു. ഇനി എന്തു പറയേണ്ടൂ? ഗിദ്യോൻ, ബാരാക്, ശിംശോൻ, യിഫ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു, തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായിത്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന് ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. വേറേ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറ് ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.