ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തതെന്തെന്നാൽ: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ. നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സമുദ്രത്തിലെ സകല മത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു. ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്ക് ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു. പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത്. നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിനു ഞാൻ പകരം ചോദിക്കും; സകല മൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണനു പകരം ചോദിക്കും. ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയത്. ആകയാൽ നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റുപെരുകുവിൻ. ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തത്: ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകല മൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. ഇനി സകല ജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോട് ഒരു നിയമം ചെയ്യുന്നു. പിന്നെയും ദൈവം അരുളിച്ചെയ്തത്: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകല ജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിത്: ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന് അടയാളമായിരിക്കും. ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും. അപ്പോൾ ഞാനും നിങ്ങളും സർവജഡവുമായ സകല ജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല. വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിനു ഞാൻ അതിനെ നോക്കും. ഞാൻ ഭൂമിയിലുള്ള സർവജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന് ഇത് അടയാളം എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.
ഉൽപത്തി 9 വായിക്കുക
കേൾക്കുക ഉൽപത്തി 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപത്തി 9:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ