ഉൽപത്തി 8:13-22

ഉൽപത്തി 8:13-22 MALOVBSI

അറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേൽത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു. രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു. ദൈവം നോഹയോട് അരുളിച്ചെയ്തത്: നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ. പറവകളും മൃഗങ്ങളും നിലത്തിഴയുന്ന ഇഴജാതിയുമായ സർവജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർധിക്കയും പെറ്റുപെരുകുകയും ചെയ്യട്ടെ. അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി. സകല മൃഗങ്ങളും ഇഴജാതികളൊക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതി ജാതിയായി പെട്ടകത്തിൽനിന്ന് ഇറങ്ങി. നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പറവകളിലും ചിലത് എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു. യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തത്: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളത് ആകുന്നു; ഞാൻ ചെയ്തതുപോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല. ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.

ഉൽപത്തി 8:13-22 - നുള്ള വീഡിയോ