ഉൽപത്തി 8:1-12

ഉൽപത്തി 8:1-12 MALOVBSI

ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിലുള്ള സകല ജീവികളെയും സകല മൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം നിലച്ചു. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു. വെള്ളം ഇടവിടാതെ ഭൂമിയിൽനിന്ന് ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞുതുടങ്ങി. ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരത്ത് പർവതത്തിൽ ഉറച്ചു. പത്താം മാസംവരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തീയതി പർവതശിഖരങ്ങൾ കാണായി. നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു. അവൻ ഒരു മലങ്കാക്കയെ പുറത്തുവിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു. ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്ന് അറിയേണ്ടതിന് അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തുവിട്ടു; എന്നാൽ സർവഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവ് കാൽ വയ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈ നീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിലാക്കി. ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽനിന്നു പുറത്തുവിട്ടു. പ്രാവ് വൈകുന്നേരത്ത് അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു. പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ ആ പ്രാവിനെ പുറത്തുവിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങിവന്നില്ല.

ഉൽപത്തി 8:1-12 - നുള്ള വീഡിയോ