ഉൽപത്തി 7:11-24

ഉൽപത്തി 7:11-24 MALOVBSI

നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ ഉറവുകളൊക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു. അന്നുതന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫെത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു. അവരും അതതുതരം കാട്ടുമൃഗങ്ങളും അതതുതരം കന്നുകാലികളും നിലത്ത് ഇഴയുന്ന അതതുതരം ഇഴജാതിയും അതതുതരം പറവകളും അതതുതരം പക്ഷികളുംതന്നെ. ജീവശ്വാസമുള്ള സർവജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടച്ചു. ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന് ഉയർന്നു. വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി. വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻകീഴെങ്ങുമുള്ള ഉയർന്ന പർവതങ്ങളൊക്കെയും മൂടിപ്പോയി. പർവതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവയ്ക്കു മീതെ പൊങ്ങി. പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകല മനുഷ്യരും ചത്തുപോയി. കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു. ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകല ജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു. വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.

ഉൽപത്തി 7:11-24 - നുള്ള വീഡിയോ