ഉൽപത്തി 6:9-21

ഉൽപത്തി 6:9-21 MALOVBSI

നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു. ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു. എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു. ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകല ജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം. അത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. പെട്ടകത്തിനു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്ന് ഒരു മുഴം താഴെ അതിനെ വയ്ക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തു വയ്ക്കേണം; താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം. ആകാശത്തിൻ കീഴിൽനിന്നും ജീവശ്വാസമുള്ള സർവജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും. നിന്നോടോ ഞാൻ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം. സകല ജീവികളിൽനിന്നും, സർവജഡത്തിൽനിന്നും തന്നെ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം. അതതുതരം പക്ഷികളിൽനിന്നും അതതുതരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതുതരം ഇഴജാതികളിൽനിന്നൊക്കെയും ഈരണ്ടീരണ്ടു ജീവരക്ഷയ്ക്കായിട്ടു നിന്റെ അടുക്കൽ വരേണം. നീയോ സകല ഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.

ഉൽപത്തി 6:9-21 - നുള്ള വീഡിയോ