അങ്ങനെ യോസേഫ് ചെന്ന്: എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ളതൊക്കെയും കനാൻദേശത്തുനിന്നു വന്നു; ഗോശെൻദേശത്ത് ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു. പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചു പേരെ കൂട്ടിക്കൊണ്ടു ചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി. അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു നിങ്ങളുടെ തൊഴിൽ എന്ത് എന്നു ചോദിച്ചതിന് അവർ ഫറവോനോട്: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാർ ആകുന്നു എന്നു പറഞ്ഞു. ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു. ഫറവോൻ യോസേഫിനോട്: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ. മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ല ഭാഗത്ത് നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്ക; അവർ ഗോശെൻദേശത്തുതന്നെ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നുവെങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വയ്ക്കുക എന്നു കല്പിച്ചു. യോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി, യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോട്: എത്ര വയസ്സായി എന്നു ചോദിച്ചു. യാക്കോബ് ഫറവോനോട്: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പത് സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തിയിട്ടുമില്ല എന്നു പറഞ്ഞു. യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി. അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ്ദേശത്ത് അവകാശവും കൊടുത്തു. യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെയൊക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന് ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു. എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി. മിസ്രയീംദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു. ജനങ്ങൾ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻദേശത്തുമുള്ള പണമൊക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു. മിസ്രയീംദേശത്തും കനാൻദേശത്തും പണം ഇല്ലാതായപ്പോൾ മിസ്രയീമ്യരൊക്കെയും യോസേഫിന്റെ അടുക്കൽ ചെന്ന്: ഞങ്ങൾക്ക് ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീർന്നുപോയി എന്നു പറഞ്ഞു. അതിനു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ തരാം എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്ക് ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്ത് അവരെ രക്ഷിച്ചു. ആ ആണ്ടു കഴിഞ്ഞ് പിറ്റേ ആണ്ടിൽ അവർ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനനു ചേർന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറയ്ക്കുന്നില്ല. ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിനു മുമ്പിൽ എന്തിനു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന് അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടെ ഇരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങൾക്കു വിത്ത് തരേണം. അങ്ങനെ യോസേഫ് മിസ്രയീമിലെ നിലമൊക്കെയും ഫറവോനു വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോനായി. ജനങ്ങളെയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു. പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശംകൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല. യോസേഫ് ജനങ്ങളോട്: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊൾവിൻ. വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന് അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിനു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കുതന്നെ ഇരിക്കട്ടെ എന്നു പറഞ്ഞു. അതിന് അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനനു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു. അഞ്ചിലൊന്നു ഫറവോനു ചെല്ലേണം എന്നിങ്ങനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചു വച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോനു ചേർന്നിട്ടില്ല. യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ച്, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.
ഉൽപത്തി 47 വായിക്കുക
കേൾക്കുക ഉൽപത്തി 47
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപത്തി 47:1-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ