ഉൽപത്തി 42:18-38

ഉൽപത്തി 42:18-38 MALOVBSI

മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞത്: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്‍വിൻ: നിങ്ങൾ പരമാർഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കാരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ട്, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിൻ. എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്ക് നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു. ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്ന് അവർ തമ്മിൽ പറഞ്ഞു. അതിനു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്ന് അവരോടു പറഞ്ഞു. യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷി മുഖാന്തരം ആയിരുന്നതുകൊണ്ട് അവൻ ഇതു ഗ്രഹിച്ചു എന്ന് അവർ അറിഞ്ഞില്ല. അവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽനിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു. അവരുടെ ചാക്കിൽ ധാന്യം നിറപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വയ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെതന്നെ അവർക്കു ചെയ്തുകൊടുത്തു. അവർ ധാന്യം കഴുതപ്പുറത്ത് കയറ്റി അവിടെനിന്നു പുറപ്പെട്ടു. വഴിയമ്പലത്തിൽ വച്ച് അവരിൽ ഒരുത്തൻ കഴുതയ്ക്കു തീൻ കൊടുപ്പാൻ ചാക്ക് അഴിച്ചപ്പോൾ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു, തന്റെ സഹോദരന്മാരോട്: എന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി. അത് ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറച്ചു: ദൈവം നമ്മോട് ഈ ചെയ്തത് എന്ത് എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതൊക്കെയും അവനോട് അറിയിച്ചു പറഞ്ഞത്: ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു. ഞങ്ങൾ അവനോട്: ഞങ്ങൾ പരമാർഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല. ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു. അതിനു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: നിങ്ങൾ പരമാർഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ. നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാർഥികൾ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം. പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടാറെ ഭയപ്പെട്ടുപോയി. അവരുടെ അപ്പനായ യാക്കോബ് അവരോട്: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലംതന്നെ എന്നു പറഞ്ഞു. അതിനു രൂബേൻ അപ്പനോട്: എന്റെ കൈയിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കിക്കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു. എന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരുകയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളൂ; നിങ്ങൾ പോകുന്ന വഴിയിൽ അവനു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്ക് ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.

ഉൽപത്തി 42:18-38 - നുള്ള വീഡിയോ