ഉൽപത്തി 41:14-32

ഉൽപത്തി 41:14-32 MALOVBSI

ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോട്: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യാനിപ്പാൻ ആരുമില്ല; എന്നാൽ നീയൊരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു. അതിനു യോസേഫ് ഫറവോനോട്: ഞാനല്ല, ദൈവം തന്നെ ഫറവോന് ശുഭമായൊരു ഉത്തരം നല്കും എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. അപ്പോൾ മാംസപുഷ്‍ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറിവന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീം ദേശത്ത് എങ്ങും കണ്ടിട്ടില്ല. എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്‍ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെതന്നെ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു. അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞത്: ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു. ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നുതന്നെ. അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരമാകുന്നു. ദൈവം ചെയ്‍വാൻ ഭാവിക്കുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞത്. മിസ്രയീംദേശത്തൊക്കെയും ബഹുസുഭിക്ഷമായ ഏഴു സംവത്സരം വരും. അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്ത് ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശമൊക്കെയും ക്ഷയിച്ചുപോകും. പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും. ഫറവോനു സ്വപ്നം രണ്ടു വട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.

ഉൽപത്തി 41:14-32 - നുള്ള വീഡിയോ