ഉൽപത്തി 32:1-12

ഉൽപത്തി 32:1-12 MALOVBSI

യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരേ വന്നു. യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു. അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. അവരോടു കല്പിച്ചത് എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു. എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്ക് എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിപ്പാൻ ആളയയ്ക്കുന്നത്. ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങിവന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറ് ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു. ഏശാവ് ഒരു കൂട്ടത്തിന്റെ നേരേ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന് ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു. പിന്നെ യാക്കോബ് പ്രാർഥിച്ചത്: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്ക് നന്മ ചെയ്യുമെന്ന് എന്നോട് അരുളിച്ചെയ്ത യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു. നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണിക്കൂടാത്ത കടല്ക്കരയിലെ മണൽപോലെ ആക്കുമെന്ന് അരുളിച്ചെയ്തുവല്ലോ.

ഉൽപത്തി 32:1-12 - നുള്ള വീഡിയോ