ഉൽപത്തി 31:1-16

ഉൽപത്തി 31:1-16 MALOVBSI

എന്നാൽ ഞങ്ങളുടെ അപ്പനുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവൻ ഈ ധനമൊക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു. യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരേ മുമ്പേ ഇരുന്നതു പോലെയല്ല എന്നു കണ്ടു. അപ്പോൾ യഹോവ യാക്കോബിനോട്: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്ന് അരുളിച്ചെയ്തു. യാക്കോബ് ആളയച്ചു റാഹേലിനെയും ലേയായെയും വയലിൽ തന്റെ ആട്ടിൻകൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു. അവരോടു പറഞ്ഞത്: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരേ മുമ്പേപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു. നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവബലത്തോടുംകൂടെ സേവിച്ചു എന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാൻ ദൈവം അവനെ സമ്മതിച്ചില്ല. പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു. ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു. ആടുകൾ ചനയേൽക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു. ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവൻ: നീ തല പൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകളൊക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു. നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ച നേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശം വിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു. റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: അപ്പന്റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ? അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നുകളഞ്ഞുവല്ലോ. ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതൊക്കെയും ചെയ്തുകൊൾക.

ഉൽപത്തി 31:1-16 - നുള്ള വീഡിയോ