താൻ യാക്കോബിനു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോട് അസൂയപ്പെട്ടു യാക്കോബിനോട്: എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്നു പറഞ്ഞു. അപ്പോൾ യാക്കോബിനു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു. അതിന് അവൾ: എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും എന്നു പറഞ്ഞു. അങ്ങനെ അവൾ തന്റെ ദാസി ബിൽഹായെ അവനു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു. ബിൽഹാ ഗർഭം ധരിച്ചു യാക്കോബിന് ഒരു മകനെ പ്രസവിച്ചു. അപ്പോൾ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ട് എനിക്ക് ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ട് അവനു ദാൻ എന്നു പേരിട്ടു. റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭം ധരിച്ചു യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു. ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞ് അവനു നഫ്താലി എന്നു പേരിട്ടു. തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പായെ വിളിച്ച് അവളെ യാക്കോബിനു ഭാര്യയായി കൊടുത്തു. ലേയായുടെ ദാസി സില്പാ യാക്കോബിന് ഒരു മകനെ പ്രസവിച്ചു. അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞ് അവനു ഗാദ് എന്നു പേരിട്ടു. ലേയായുടെ ദാസി സില്പാ യാക്കോബിനു രണ്ടാമത് ഒരു മകനെ പ്രസവിച്ചു. ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞ് അവന് ആശേർ എന്നു പേരിട്ടു. കോതമ്പു കൊയ്ത്തുകാലത്തു രൂബേൻ പുറപ്പെട്ട്, വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയായുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയായോട്: നിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു. അവൾ അവളോട്: നീ എന്റെ ഭർത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവുംകൂടെ വേണമോ എന്നു പറഞ്ഞതിനു റാഹേൽ: ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്നു രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴംകൊണ്ടു ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു. ദൈവം ലേയായുടെ അപേക്ഷ കേട്ടു. അവൾ ഗർഭം ധരിച്ചു യാക്കോബിന് അഞ്ചാമത് ഒരു മകനെ പ്രസവിച്ചു. അപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിനു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞ്, അവനു യിസ്സാഖാർ എന്നു പേരിട്ടു. ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന് ആറാമത് ഒരു മകനെ പ്രസവിച്ചു. ദൈവം എനിക്ക് ഒരു നല്ല ദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവ് എന്നോടുകൂടെ വസിക്കും; ഞാൻ അവന് ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞ് അവനു സെബൂലൂൻ എന്നു പേരിട്ടു. അതിന്റെശേഷം അവൾ ഒരു മകളെ പ്രസവിച്ച് അവൾക്കു ദീനാ എന്നു പേരിട്ടു. ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗർഭത്തെ തുറന്നു. അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. യഹോവ എനിക്ക് ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞ് അവനു യോസേഫ് എന്നു പേരിട്ടു.
ഉൽപത്തി 30 വായിക്കുക
കേൾക്കുക ഉൽപത്തി 30
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപത്തി 30:1-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ