ഉൽപത്തി 3:14-24

ഉൽപത്തി 3:14-24 MALOVBSI

യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചത്: നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും. ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും. സ്ത്രീയോടു കല്പിച്ചത്: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും. മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും. നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും. മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ. യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു. യഹോവയായ ദൈവം: മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിപ്പാൻ സംഗതി വരരുത് എന്നു കല്പിച്ചു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിനു യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി. ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.

ഉൽപത്തി 3:14-24 - നുള്ള വീഡിയോ