യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു. അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. അവന്റെ അപ്പനായ യിസ്ഹാക് അവനോട്: നീ ആർ എന്നു ചോദിച്ചതിന്: ഞാൻ നിന്റെ മകൻ, നിന്റെ ആദ്യജാതൻ ഏശാവ് എന്ന് അവൻ പറഞ്ഞു. അപ്പോൾ യിസ്ഹാക് അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുംമുമ്പേ ഞാൻ സകലവും തിന്ന് അവനെ അനുഗ്രഹിച്ചിരിക്കുന്നു: അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു. ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ എന്ന് അപ്പനോടു പറഞ്ഞു. അതിന് അവൻ: നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു. ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്ന് അവൻ പറഞ്ഞു. നീ എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ എന്ന് അവൻ ചോദിച്ചു. യിസ്ഹാക് ഏശാവിനോട്: ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെയൊക്കെയും അവനു ദാസന്മാരാക്കി; അവനു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കു ഞാൻ എന്തു തരേണ്ടൂ മകനേ എന്ന് ഉത്തരം പറഞ്ഞു. ഏശാവ് പിതാവിനോട്: നിനക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു. എന്നാറെ അവന്റെ അപ്പനായ യിസ്ഹാക് ഉത്തരമായിട്ട് അവനോടു പറഞ്ഞത്: നിന്റെ വാസം ഭൂമിയിലെ പുഷ്‍ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും. നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും. തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്ന് ഏശാവ് ഹൃദയത്തിൽ പറഞ്ഞു. മൂത്തമകനായ ഏശാവിന്റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ച് അവനോടു പറഞ്ഞത്: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു. ആകയാൽ മകനേ, എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് ഓടിപ്പോക. നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെനാൾ അവന്റെ അടുക്കൽ പാർക്ക. നിന്റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തത് അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസംതന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്? പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്ക് അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിനു ജീവിക്കുന്നു? എന്നു പറഞ്ഞു.
ഉൽപത്തി 27 വായിക്കുക
കേൾക്കുക ഉൽപത്തി 27
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപത്തി 27:30-46
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ