യിസ്ഹാക് വൃദ്ധനായി അവന്റെ കണ്ണു കാൺമാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്തമകനായ ഏശാവിനെ വിളിച്ച് അവനോട്: മകനേ എന്നു പറഞ്ഞു. അവൻ അവനോട്: ഞാൻ ഇതാ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല. നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്ന് എനിക്കു വേണ്ടി വേട്ട തേടി എനിക്ക് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കും മുമ്പേ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു. യിസ്ഹാക് തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ട തേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി. റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞത്: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോട് സംസാരിച്ചു: ഞാൻ എന്റെ മരണത്തിനു മുമ്പേ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു. ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ട്, ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക. ആട്ടിൻകൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ട് നിന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും. നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിനുമുമ്പേ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം. അതിനു യാക്കോബ് തന്റെ അമ്മയായ റിബെക്കായോട്: എന്റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമം ഇല്ലാത്തവനും ആകുന്നുവല്ലോ. പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്ന് അവന് തോന്നിയിട്ട് ഞാൻ എന്റെമേൽ അനുഗ്രഹമല്ല ശാപംതന്നെ വരുത്തും എന്നു പറഞ്ഞു. അവന്റെ അമ്മ അവനോട്: മകനേ, നിന്റെ ശാപം എന്റെമേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു. അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി. പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കലുള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവൾ കോലാട്ടിൻകുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കൈയിൽ കൊടുത്തു. അവൻ അപ്പന്റെ അടുക്കൽ ചെന്ന്: അപ്പാ, എന്നു പറഞ്ഞതിന്: ഞാൻ ഇതാ; നീ ആർ, മകനെ എന്ന് അവൻ ചോദിച്ചു. യാക്കോബ് അപ്പനോട്: ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. യിസ്ഹാക് തന്റെ മകനോട്: മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ എന്ന് ചോദിച്ചതിന് നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്ന് അവൻ പറഞ്ഞു. യിസ്ഹാക് യാക്കോബിനോട്: മകനേ, അടുത്തു വരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾതന്നെ എന്നു പറഞ്ഞു. അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. നീ എന്റെ മകൻ ഏശാവുതന്നെയോ എന്ന് അവൻ ചോദിച്ചതിന്: അതേ എന്ന് അവൻ പറഞ്ഞു. അപ്പോൾ അവൻ: എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടുചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു. പിന്നെ അവന്റെ അപ്പനായ യിസ്ഹാക് അവനോട്: മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്ക എന്നു പറഞ്ഞു. അവൻ അടുത്തു ചെന്ന് അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്‍ടിയും അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.
ഉൽപത്തി 27 വായിക്കുക
കേൾക്കുക ഉൽപത്തി 27
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപത്തി 27:1-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ