അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കായെ ഭാര്യയായി പരിഗ്രഹിച്ചു. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക് അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു; യഹോവ അവന്റെ പ്രാർഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭം ധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിനു ജീവിക്കുന്നു എന്നു പറഞ്ഞ്, യഹോവയോടു ചോദിപ്പാൻ പോയി. യഹോവ അവളോട്: രണ്ടു ജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും, മൂത്തവൻ ഇളയവനെ സേവിക്കും എന്ന് അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽമുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന് ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന് യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക് അവനെ സ്നേഹിച്ചു; റിബെക്കായോ യാക്കോബിനെ സ്നേഹിച്ചു. ഒരിക്കൽ യാക്കോബ് ഒരു പായസംവച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു. ഏശാവ് യാക്കോബിനോട്: ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ട് അവന് എദോം (ചുവന്നവൻ) എന്നു പേരായി. നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു. അതിന് ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന് എന്നു പറഞ്ഞു. ഇന്ന് എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു. അവൻ ഭക്ഷിച്ചു പാനം ചെയ്ത്, എഴുന്നേറ്റു പോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.
ഉൽപത്തി 25 വായിക്കുക
കേൾക്കുക ഉൽപത്തി 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപത്തി 25:19-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ