ഉൽപത്തി 17:1-16

ഉൽപത്തി 17:1-16 MALOVBSI

അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: ഞാൻ സർവശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർധിപ്പിക്കും എന്ന് അരുളിച്ചെയ്തു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: എനിക്കു നിന്നോട് ഒരു നിയമമുണ്ട്; നീ ബഹുജാതികൾക്കു പിതാവാകും; ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർധിപ്പിച്ച്, അനേകജാതികളാക്കും; നിന്നിൽനിന്നു രാജാക്കന്മാരും ഉദ്ഭവിക്കും. ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാൻ എനിക്കും നിനക്കും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശമൊക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും. ദൈവം പിന്നെയും അബ്രാഹാമിനോട് അരുളിച്ചെയ്തത്: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം. എനിക്കും നിങ്ങൾക്കും നിന്റെശേഷം നിന്റെ സന്തതിക്കും മധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിത്: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. നിങ്ങളുടെ അഗ്രചർമം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി. നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വില കൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ കഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം. അഗ്രചർമിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു. ദൈവം പിന്നെയും അബ്രാഹാമിനോട്: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേർ സാറാ എന്ന് ഇരിക്കേണം. ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്ന് ഉദ്ഭവിക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു.

ഉൽപത്തി 17:1-16 - നുള്ള വീഡിയോ