ഉൽപത്തി 11:1-11

ഉൽപത്തി 11:1-11 MALOVBSI

ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു. എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാർദേശത്ത് ഒരു സമഭൂമി കണ്ട് അവിടെ കുടിയിരുന്നു. അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണ് കുമ്മായമായും ഉപയോഗിച്ചു. വരുവിൻ; നാം ഭൂതലത്തിലൊക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്ക് ഒരു പേരുമുണ്ടാക്കുക എന്ന് അവർ പറഞ്ഞു. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഇറങ്ങിവന്നു. അപ്പോൾ യഹോവ: ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; ഇതും അവർ ചെയ്തുതുടങ്ങുന്നു; അവർ ചെയ്‍വാൻ നിരൂപിക്കുന്നതൊന്നും അവർക്ക് അസാധ്യമാകയില്ല. വരുവിൻ; നാം ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്ന് അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. സർവഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളകയാൽ അതിനു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു. ശേമിന്റെ വംശപാരമ്പര്യമാവിത്: ശേമിനു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിനു പിമ്പ് രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു. അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

ഉൽപത്തി 11:1-11 - നുള്ള വീഡിയോ