ഗലാത്യർ 5:1-15

ഗലാത്യർ 5:1-15 MALOVBSI

സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്. നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല എന്നു പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു. പരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടപ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു. ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേർപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമവുമല്ല; സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തുകളഞ്ഞു? ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല. അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറച്ചിരിക്കുന്നു, എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും. ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നുവരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ. നിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു. സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു. നിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.