അവകാശി സർവത്തിനും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല, പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു. അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ ലോകത്തിന്റെ ആദിപാഠങ്ങളിൻകീഴ് അടിമപ്പെട്ടിരുന്നു. എന്നാൽ കാലസമ്പൂർണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻകീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത് അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലയ്ക്കു വാങ്ങിയിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ. നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രേ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു. എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്ക് അടിമപ്പെട്ടിരുന്നു. ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞ് അവയ്ക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നത് എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കുവേണ്ടി അധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു. സഹോദരന്മാരേ, ഞാൻ നിങ്ങളെപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതി വന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്ളുകയത്രേ ചെയ്തത്. നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നതിനു ഞാൻ സാക്ഷി. അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ? അവർ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നതു ഗുണത്തിനായിട്ടല്ല; നിങ്ങളും അവരെക്കുറിച്ച് എരിവു കാണിക്കേണ്ടതിന് അവർ നിങ്ങളെ പുറത്തിട്ട് അടച്ചുകളവാൻ ഇച്ഛിക്കയത്രേ ചെയ്യുന്നത്. ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവു കാണിക്കുന്നത് നന്ന്. ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ, ഇന്നു നിങ്ങളുടെ അടുക്കൽ ഇരുന്ന് എന്റെ ശബ്ദം മാറ്റുവാൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു; ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.
ഗലാത്യർ 4 വായിക്കുക
കേൾക്കുക ഗലാത്യർ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഗലാത്യർ 4:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ