ഗലാത്യർ 3:15-29

ഗലാത്യർ 3:15-29 MALOVBSI

സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന് ഉറപ്പു വന്നശേഷം ആരും ദുർബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല. എന്നാൽ അബ്രാഹാമിനും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്ന് അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തു തന്നെ. ഞാൻ പറയുന്നതിന്റെ താൽപര്യമോ: നാനൂറ്റിമുപ്പത് ആണ്ടു കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുർബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നത്; അബ്രാഹാമിനോ ദൈവം അതിനെ വാഗ്ദത്തംമൂലം നല്കി. എന്നാൽ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മധ്യസ്ഥന്റെ കൈയിൽ ഏല്പിച്ചതുമത്രേ. ഒരുത്തൻ മാത്രം എങ്കിൽ മധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്ക് ആധാരമാകുമായിരുന്നു. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിനു തിരുവെഴുത്ത് എല്ലാവറ്റെയും പാപത്തിൻ കീഴടച്ചുകളഞ്ഞു. വിശ്വാസം വരുംമുമ്പേ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിനായിക്കൊണ്ടു ന്യായപ്രമാണത്തിൻകീഴിൽ അടച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ. ക്രിസ്തുവിനുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.