യെഹെസ്കേൽ 38

38
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ്ദേശത്തിലെ ഗോഗിന്റെ നേരേ നീ മുഖം തിരിച്ച് അവനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്; 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 4ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സർവായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും 5അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ, 6ഗോമെരും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും. 7ഒരുങ്ങിക്കൊൾക! നീയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊൾവിൻ! നീ അവർക്കു മേധാവി ആയിരിക്ക. 8ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന് ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവതങ്ങളിൽ തന്നെ; എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിർഭയമായി വസിക്കും. 9നീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും. 10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും. നീ ഒരു ദുരുപായം നിരൂപിക്കും; 11മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിനും കവർച്ച ചെയ്യേണ്ടതിനും ശൂന്യമായിക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരേയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരേയും കൈ നീട്ടേണ്ടതിനും 12ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരേയും ഞാൻ ചെല്ലും എന്നും നീ പറയും. 13ശേബയും ദെദാനും തർശ്ശീശ്‍വർത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോട്: നീ കൊള്ളയിടുവാനോ വന്നത്? കവർച്ച ചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നത് എന്നു പറയും. 14ആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേൽ നിർഭയമായി വസിക്കുന്ന അന്നാളിൽ നീ അത് അറികയില്ലയോ? 15നീയും നിന്നോടുകൂടെ പല ജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കിൽനിന്ന്, വടക്കേ അറ്റത്തുനിന്നു തന്നെ, വരും. 16ദേശത്തെ മറയ്ക്കേണ്ടതിനുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരേ വരും; ഗോഗേ, അന്ത്യകാലത്തു ജാതികൾ കാൺകെ ഞാൻ എന്നെത്തന്നെ നിങ്കൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിനു ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരേ വരുത്തും. 17യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്ത് അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്റെ ദാസന്മാർ മുഖാന്തരം ഞാൻ അന്ന് അരുളിച്ചെയ്തത് നിന്നെക്കുറിച്ചല്ലയോ? 18യിസ്രായേൽദേശത്തിനു വിരോധമായി ഗോഗ് വരുന്ന അന്നാളിൽ എന്റെ ക്രോധം എന്റെ മൂക്കിൽ ഉജ്ജ്വലിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 19അന്നാളിൽ നിശ്ചയമായിട്ടു യിസ്രായേൽദേശത്ത് ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാൻ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു. 20അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകല മനുഷ്യരും എന്റെ സന്നിധിയിൽ വിറയ്ക്കും; മലകൾ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങൾ വീണുപോകും; എല്ലാ മതിലും നിലംപരിചാകും. 21ഞാൻ എന്റെ സകല പർവതങ്ങളോടും അവന്റെ നേരേ വാളെടുപ്പാൻ കല്പിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; ഓരോരുത്തന്റെ വാൾ അവനവന്റെ സഹോദരനു വിരോധമായിരിക്കും. 22ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും. 23ഇങ്ങനെ ഞാൻ എന്നെത്തന്നെ മഹത്ത്വീകരിക്കയും എന്നെത്തന്നെ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നെ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെഹെസ്കേൽ 38: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക