യെഹെസ്കേൽ 37:1-10

യെഹെസ്കേൽ 37:1-10 MALOVBSI

യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്‌വരയുടെ നടുവിൽ നിറുത്തി; അത് അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു. അവൻ എന്നെ അവയുടെ ഇടയിൽക്കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്‌വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു. അവൻ എന്നോട്: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിനു ഞാൻ: യഹോവയായ കർത്താവേ, നീ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ എന്നോടു കല്പിച്ചത്: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ! യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിനു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു. പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കു പൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു. അപ്പോൾ അവൻ എന്നോടു കല്പിച്ചത്: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെമേൽ ഊതുക. അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.