പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്ന് അവനോട്: ഞാൻ പുറപ്പെട്ട്, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു. യഹോവ മിദ്യാനിൽവച്ചു മോശെയോട്: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്ന് അരുളിച്ചെയ്തു. അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തു കയറ്റി മിസ്രയീംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കൈയിൽ എടുത്തു. യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അദ്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. നീ ഫറവോനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ. എനിക്കു ശുശ്രൂഷ ചെയ്വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെതന്നെ കൊന്നുകളയും എന്നു പറക. എന്നാൽ വഴിയിൽ സത്രത്തിൽവച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു. അപ്പോൾ സിപ്പോറാ ഒരു കല്ക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമം ഛേദിച്ച് അവന്റെ കാല്ക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു. ഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞത്. എന്നാൽ യഹോവ അഹരോനോട്: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പർവതത്തിങ്കൽവച്ച് അവനെ എതിരേറ്റു ചുംബിച്ചു. യഹോവ തന്നെ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു. പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെയൊക്കെയും കൂട്ടിവരുത്തി. യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു. അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ട്, അവർ കുമ്പിട്ടു നമസ്കരിച്ചു.
പുറപ്പാട് 4 വായിക്കുക
കേൾക്കുക പുറപ്പാട് 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 4:18-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ