യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോനു വിശുദ്ധവസ്ത്രവും ഉണ്ടാക്കി.
പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു. അവർ അതിന് തമ്മിൽ ഇണച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അത് രണ്ടറ്റത്തും ഇണച്ചിരുന്നു. അതു കെട്ടി മുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽനിന്നുതന്നെ, അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരുന്നു.
മുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെ പേർ കൊത്തിയ ഗോമേദകക്കല്ലുകളെ അവർ പൊൻതടങ്ങളിൽ പതിച്ചു. യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ ഓർമക്കല്ലുകൾ വച്ചു.
അവൻ ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി. അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അത് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായി ഇരട്ട ആയിരുന്നു. അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇത് ഒന്നാമത്തെ നിര. രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം. മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്. നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു. ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു. പതക്കത്തിനു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി. പൊന്നുകൊണ്ട് രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ട് അറ്റത്തും വച്ചു. പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്ത് രണ്ടു വളയത്തിലും കൊളുത്തി. രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണി രണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻഭാഗത്തു വച്ചു. അവർ പൊന്നുകൊണ്ടു വേറേ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനു നേരേ അകത്തെ വിളുമ്പിൽ വച്ചു. അവർ വേറേ രണ്ടു പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്തു രണ്ടു ചുമൽക്കണ്ടങ്ങളിൽ താഴെ അതിന്റെ ഇണപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിനു മേലായി വച്ചു. പതക്കം ഏഫോദിന്റെ നടുക്കെട്ടിനു മേലായി ഇരിക്കേണ്ടതിനും അത് ഏഫോദിൽ ആടാതിരിക്കേണ്ടതിനും ദൈവം മോശെയോടു കല്പിച്ചതുപോലെ അവർ അതു കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോടു നീല നാടകൊണ്ടു കെട്ടി.