പുറപ്പാട് 23:20-31

പുറപ്പാട് 23:20-31 MALOVBSI

ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു. നീ അവനെ ശ്രദ്ധിച്ച് അവന്റെ വാക്ക് കേൾക്കേണം; അവനോടു വികടിക്കരുത്; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ട്. എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. എന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. നിങ്ങളുടെ ദൈവമായ യഹോവയെത്തന്നെ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്ന് അകറ്റിക്കളയും. ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്ത് ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂർത്തിയാക്കും. എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെയൊക്കെയും അമ്പരപ്പിക്കയും നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിക്കയും ചെയ്യും. നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയയ്ക്കും. ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിനകത്തു നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളകയില്ല. നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ കുറേശ്ശ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. ഞാൻ നിന്റെ ദേശം ചെങ്കടൽതുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണം.

പുറപ്പാട് 23:20-31 - നുള്ള വീഡിയോ