പുറപ്പാട് 14:10-18

പുറപ്പാട് 14:10-18 MALOVBSI

ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. അവർ മോശെയോട്: മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്ത്? മിസ്രയീമ്യർക്കു വേല ചെയ്‍വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലത് എന്നു പറഞ്ഞു. അതിനു മോശെ ജനത്തോട്: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ എന്നോടു നിലവിളിക്കുന്നത് എന്ത്? മുമ്പോട്ടുപോകുവാൻ യിസ്രായേൽമക്കളോടു പറക. വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കൾ കടലിന്റെ നടുവേ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും. എന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവർ ഇവരുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്ത്വപ്പെടുത്തും. ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്ത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും.

പുറപ്പാട് 14:10-18 - നുള്ള വീഡിയോ