യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവച്ച് അരുളിച്ചെയ്തത് എന്തെന്നാൽ: ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം. നിങ്ങൾ യിസ്രായേലിന്റെ സർവസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി അതതു കുടുംബത്തിന് ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന് ഒത്തവണ്ണം അവനും അവന്റെ വീട്ടിനടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന് ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്ത് തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കയ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുത്. പിറ്റന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; പിറ്റന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം. അരകെട്ടിയും കാലിനു ചെരുപ്പിട്ടും കൈയിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു. ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടെ കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയൊക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നുപോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായിത്തീരുകയില്ല.
പുറപ്പാട് 12 വായിക്കുക
കേൾക്കുക പുറപ്പാട് 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 12:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ