എസ്ഥേർ 5:1-8

എസ്ഥേർ 5:1-8 MALOVBSI

മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുംകൊണ്ട് രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്ന് രാജഗൃഹത്തിന്റെ നേരേ നിന്നു; രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിനു നേരേ തന്റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു. എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോൾ അവന് അവളോട് കൃപ തോന്നി തന്റെ കൈയിൽ ഇരുന്ന പൊൻചെങ്കോൽ രാജാവ് എസ്ഥേറിന്റെ നേരേ നീട്ടി; എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു. രാജാവ് അവളോട്: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു. അതിന് എസ്ഥേർ: രാജാവിനു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിനു രാജാവും ഹാമാനും ഇന്നു വരേണം എന്ന് അപേക്ഷിച്ചു. എസ്ഥേർ പറഞ്ഞതുപോലെ ചെയ്‍വാൻ ഹാമാനെ വേഗം വരുത്തുവിൻ എന്നു രാജാവ് കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിനു ചെന്നു. വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: നിന്റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു. അതിന് എസ്ഥേർ: എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു; രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം നിവർത്തിപ്പാനും രാജാവിനു തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിനു വരേണം; നാളെ ഞാൻ രാജാവ് കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.