എഫെസ്യർ 1:3-20

എഫെസ്യർ 1:3-20 MALOVBSI

സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന് അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായി സ്നേഹത്തിൽ നമ്മെ മുൻനിയമിക്കയും ചെയ്തുവല്ലോ. അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. അത് അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകല ജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു. അവനിൽ താൻ മുൻനിർണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമം അവൻ നമ്മോട് അറിയിച്ചു. അതു സ്വർഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടു തന്നേ. അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണയപ്രകാരം മുൻനിയമിക്കപ്പെട്ടത് മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശ വച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കാകേണ്ടതിനുതന്നെ. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ട്, നിങ്ങൾക്കുവേണ്ടി ഇടവിടാതെ സ്തോത്രംചെയ്ത് എന്റെ പ്രാർഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയേണ്ടതിനും പ്രാർഥിക്കുന്നു. അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ച് അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കയും