ആവർത്തനപുസ്തകം 28:1-19

ആവർത്തനപുസ്തകം 28:1-19 MALOVBSI

നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവജാതികൾക്കും മീതെ ഉന്നതമാക്കും. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; വയലിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും. നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരേ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും. യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്ക് അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ച് അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും. യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്ന് ഭൂമിയിലുള്ള സകല ജാതികളും കണ്ടു നിന്നെ ഭയപ്പെടും. നിനക്കു തരുമെന്ന് യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത് യഹോവ നിന്റെ നന്മയ്ക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നല്കും. തക്കസമയത്തു നിന്റെ ദേശത്തിനു മഴ തരുവാനും നിന്റെ വേലയൊക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല. ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ട് പ്രമാണിച്ചു നടന്നാൽ യഹോവ നിന്നെ വാലല്ല, തലയാക്കും; നീ ഉയർച്ചതന്നെ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല. ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ട് അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപമൊക്കെയും നിനക്കു വന്നു ഭവിക്കും: പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും. നിന്റെ കുട്ടയും മാവ് കുഴയ്ക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും. നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും; അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തു പോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.