ദാനീയേൽ 5:17-23

ദാനീയേൽ 5:17-23 MALOVBSI

ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചത്: ദാനങ്ങൾ തിരുമേനിക്കുതന്നെ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തനു കൊടുത്താലും; എഴുത്തു ഞാൻ രാജാവിനെ വായിച്ചു കേൾപ്പിച്ച് അർഥം ബോധിപ്പിക്കാം. രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസരിനു രാജത്വവും മഹത്ത്വവും പ്രതാപവും ബഹുമാനവും നല്കി. അവനു നല്കിയ മഹത്ത്വം ഹേതുവായി സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ടു വിറച്ചു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെ വയ്ക്കയും ബോധിച്ചവനെ ഉയർത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു. എന്നാൽ അവന്റെ ഹൃദയം ഗർവിച്ചു, അവന്റെ മനസ്സ് അഹങ്കാരത്താൽ കഠിനമായിപ്പോയശേഷം അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവർ അവന്റെ മഹത്ത്വം അവങ്കൽനിന്ന് എടുത്തുകളഞ്ഞു. അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായിത്തീർന്നു; അവന്റെ പാർപ്പ് കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിനു നിയമിക്കയും ചെയ്യുന്നു എന്ന് അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു. അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടും തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ സ്വർഗസ്ഥനായ കർത്താവിന്റെ നേരേ തന്നെത്താൻ ഉയർത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ വീഞ്ഞു കുടിച്ചു; കാൺമാനും കേൾപ്പാനും അറിയുവാനും വഹിയാത്ത പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാ വഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്ത്വീകരിച്ചതുമില്ല.