ദാനീയേൽ 5:1-9

ദാനീയേൽ 5:1-9 MALOVBSI

ബേൽശസ്സർരാജാവ് തന്റെ മഹത്തുക്കളിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്ന് ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു. ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്നിരുന്ന പൊൻ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിനായി കൊണ്ടുവരുവാൻ കല്പിച്ചു. അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻപാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു. അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ട് വിളക്കിനു നേരേ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു. ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി; അരയുടെ ഏപ്പ് അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. രാജാവ് ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: ആരെങ്കിലും ഈ എഴുത്തു വായിച്ച് അർഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു. അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തു വന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അർഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നുപോയി.